തല തിരിഞ്ഞ ഞാൻ എന്ന വ്യക്തി  – ലക്കം 4

on
കുറച്ചു ചിന്തിക്കേണ്ടി വന്നു എന്തിനെ പറ്റിയാണ് എഴുതേണ്ടതെന്നു. ഒത്തിരി കാര്യങ്ങൾ മനസിലുണ്ട്. എന്നാൽ പിന്നെ കുറച്ചു കാര്യങ്ങൾ എല്ലാം കൂടെ ഒന്നിച്ചെഴുതാം എന്നു വച്ചു.
നമ്മുടെ കേരളത്തെ പറ്റി തിരഞ്ഞപ്പോൾ അറിയാൻ കഴിഞ്ഞ ചില കാര്യങ്ങൾ പറയാം. നമുക്കെല്ലാവർക്കും അറിയാം സാക്ഷരതയിൽ ഭാരതത്തിലെ തന്നെ ഏറ്റവും മുൻപന്തിയിലുള്ളതു നമ്മുടെ കേരളമാണെന്ന്. യാതൊരു സംശയവും ഇല്ല. അടുത്തത് മികച്ച ജീവിത സാഹചര്യത്തിലും ഒന്നാമത്. മികച്ച അടിസ്ഥാന സൗകര്യത്തിൽ രണ്ടാമതും. ഇതൊക്കെ അറിയുമ്പോ തന്നെ അഭിമാനമാണ്.
ആദ്യം തന്നെ മികച്ച അടിസ്ഥാന സൗകര്യത്തെ പറ്റി പറയാം. മികച്ച അടിസ്ഥാന സൗകര്യം എന്നാൽ നല്ല പാതകൾ, ശുചിത്വമുള്ള തെരുവുകൾ, കെട്ടിടങ്ങൾ പിന്നെ കൃത്യമായ മാലിന്യ നിർമാർജനം അങ്ങനെ പോകുന്നു. ഈ പറഞ്ഞതെല്ലാം ഏറ്റവും അടിസ്ഥാനപരമായ സംഗതികൾ ആണ്. എന്നാൽ ഈ പറഞ്ഞവയിൽ എത്രയെണ്ണം നമുക്ക് കാണാൻ സാധിക്കും. കുടുംബ സമേധം നഗരമധ്യത്തിൽ നിങ്ങൾ പോകുന്നുവെങ്കിൽ നിങ്ങളുടെ അമ്മ പെങ്ങമാർക്ക് അവരുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായത് പോലും നമ്മുടെ മികച്ച അടിസ്ഥാന സൗകര്യമുള്ള ഈ നാട്ടിലുണ്ടോ…? പിന്നെ മാലിന്യ നിർമാർജനം. വിളപ്പിൽ ശാലയൊക്കെ ഓർമയിൽ കൊണ്ടുവരുന്നത് നല്ലത്. പിന്നെ നല്ല പാതകൾ. നഗര മധ്യത്തിൽ മാത്രം ഒതുങ്ങുന്നു. കൂടുതലും VIP കൾ അവിടങ്ങളിലാണല്ലോ. പിന്നെ ശുചിത്വമുള്ള കെട്ടിടങ്ങൾ, പാതകൾ. നമ്മുടെ ഗവണ്മെന്റ് ആശുപത്രി, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചാൽ ഈ തെറ്റിധാരണ മാറിക്കിട്ടും. അതു പോലെ തന്നെ വൃത്തിയുള്ള പാത. രാവിലെ ഒരു 5.30 ഒക്കെ ആകുമ്പോ മുതൽ ഒരു 8 മണിവരെ റോഡ്‌ തന്നെയാണ് ചിലർക്ക് അവരവരുടെ വീട്ടിലെ മാലിന്യങ്ങൾ വലിച്ചെറിയാൻ പറ്റിയ ഏറ്റവും ഉത്തമ സ്ഥലം. വീട്ടുകാർക് മാത്രമല്ല കശാപ്പു ശാലകൾക്കും. എന്നാലും മികച്ച അടിസ്ഥാന സൗകര്യത്തിൽ രണ്ടാമത്. എന്റെ കാഴ്ചപ്പാടിന്റെ കുഴപ്പമാണ് ഇതൊക്കെ.
ഇനി മികച്ച ജീവിത സാഹചര്യത്തിലും സാക്ഷരതയിലും ഒന്നാമത്. ഒരു വ്യക്തിയുടെ യഥാർത്ഥ സ്വഭാവം അയാളുടെ പ്രവർത്തികളിൽ നിന്ന് വ്യക്തമാകും എന്നാണല്ലോ. ഞാൻ നേരിട്ടു അനുഭവിച്ച ഒരു കാര്യം ലക്കം ഒന്നിൽ പറഞ്ഞിട്ടുണ്ട്. മറ്റൊന്ന് മുകളിൽ പറഞ്ഞു കഴിഞ്ഞു. അതിനു ഇങ്ങനെ ഒരു വിശദീകരണം കൂടി ആവശ്യമാണ്‌. സമൂഹത്തിൽ സാക്ഷരതയിലൂടെ ഉന്നത സ്ഥാനം വഹിക്കുന്നവർ മുതൽ സാക്ഷരത നേടിയ എല്ല വിദ്യാ സമ്പന്നൻമാരും ചെയ്യുന്ന ഒരു മഹനീയ കാര്യം. മാലിന്യം റോഡരികിൽ വലിച്ചെറിയുന്നത്. (ഇതു കൂടാതെ ഒട്ടനവധിയായ വേറേം ചിലതുണ്ട്. എല്ലാം ഇവിടെ പറയുന്നില്ല). എത്ര മനോഹരമായാണ് അവർ ഇതൊക്കെ നമ്മുടെ സമൂഹത്തിനും വരും തലമുറക്കായിട്ടും സംഭാവന ചെയ്യുന്നത്. ഇങ്ങനെയുള്ള ജനത വസിക്കുന്ന കേരളം സാക്ഷരതയിൽ ഒന്നാം സ്ഥാനത്താണ്. സ്വന്തം നാടും വീടും സൂക്ഷിക്കുക എന്നത് നിരക്ഷരരുടെ ലക്ഷണമാണ്. വളരെ മുന്നേ അതു നാം തിരിച്ചറിഞ്ഞിരിക്കുന്നു. അഭിമാനം തോന്നുന്നുണ്ടല്ലേ.
സാക്ഷരത എന്നത് അക്ഷരാർത്ഥത്തിൽ വിദ്യാഭ്യാസം തന്നെയാണ് എന്ന് ഒരു ബ്ലോഗിൽ വായിച്ച ഓർമയുണ്ട്. അപ്പോൾ സാക്ഷരത അല്ലെങ്കിൽ വിദ്യാഭ്യാസം നേടിയ ഒരു വ്യക്തി എങ്ങനെ ആയിരിക്കണം. റോഡ് നിയമങ്ങൾ തെറ്റിക്കുക, സ്വന്തം കാര്യം മാത്രം വലുതായി കണ്ട് മറ്റുള്ളവരുടെ ബുദ്ധിമുട്ടിനെ വക വെയ്ക്കാണ്ട് പോവുക അല്ലെങ്കിൽ മറ്റൊരാളെ അറിഞ്ഞുകൊണ്ട് തന്നെ ബുദ്ധിമുട്ടിപ്പിക്കുക (ചില സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഒരുത്തമ തെളിവണല്ലോ), റോഡിൽ മാലിന്യങ്ങൾ വലിച്ചെറിയുക, സ്വന്തം തെറ്റ്‌ മറച്ചു വയ്ക്കാൻ അന്യനെ അല്ലേൽ അതു ചൂണ്ടിക്കാണിക്കുന്ന വ്യക്തിയെ ചീത്ത പറയുക. ഇതൊക്കെ സമൂഹത്തിൽ നാം എന്നും കാണുന്ന ഒരിനം സാക്ഷരത നേടിയ വ്യക്തികളാണ്. വ്യക്തികൾ എന്നതിലുപരി ജീവികൾ എന്നു പറയുന്നതാകും ഉത്തമം.
മറ്റൊരു ബ്ലോഗിൽ മികച്ച ജീവിത സാഹചര്യങ്ങൾ നമ്മുടെ ഭാരതത്തിൽ കേരളത്തിനാണ് എന്നു വായിച്ചു. അതിൽ വേറെ രണ്ടു കാര്യങ്ങൾ കൂടി ശ്രദ്ധയിൽ പെട്ടു. ഒന്ന് വർഗീയ ലഹളകൾ കുറവ്‌ എന്നതും മറ്റൊന്ന് ഭാരതത്തിലെ തന്നെ മികച്ച പൊലീസുകാർ നമ്മുടെ കേരളത്തിലാണ് എന്നതും.
വർഗ്ഗീയ ലഹളകൾ എന്തിനാ. അതിനു പകരം വെയ്ക്കാനുണ്ടല്ലോ ഭാരതത്തിലെ തന്നെ മികച്ച പോലീസ്. 2013 മുതൽ 2016 ഒക്ടോബർ വരെയുള്ള ഒരു കണക്കനുസരിച്ച്‌ 371 കേസുകളാണ് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കിടക്കുന്നത്. അതിനു മുമ്പുള്ളതും കൂടെ കണക്കിലെടുത്താൽ വർഗീയ ലഹളയും ഇതും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടാകില്ല. കസ്റ്റഡി മരണത്തിന്റെ മാത്രം കണക്കാണിത്. ഇതിൽ സ്വന്തം അനിയന്റെ മരണത്തിനു ഉത്തരവാദിയായവരെ കണ്ടെത്താൻ വേണ്ടി ശ്രീജിത് എന്ന ഏട്ടന്റെ സമരമാണ് എന്റെ മനസിനെ എറെ സ്വാധീനിച്ചത്. സോഷ്യൽ മീഡിയയുടെ ശക്തി തെളിയിച്ച സമരം. പക്ഷെ വല്യ ആയുസ്സിലാണ്ട് പോയി ആ ശക്തിക്ക്. ഇപ്പോഴും പുള്ളി അവിടെ തന്നെയുണ്ട്, ആരും തിരിഞ്ഞു നോക്കാനില്ലാണ്ട്. ഒരു സോഷ്യൽ മീഡിയയ്കും വേണ്ടാതെ. ഒരു ചാനലിനോ ഒരു പത്രത്തിനോ വേണ്ടാതെ. സാക്ഷര കേരളം, മികച്ച IPS, IAS ഉദ്യോഗസ്ഥരുള്ള കേരളം ഇതൊന്നും കാണുന്നില്ല. ഇതേ കേരളത്തിൽ തന്നെയാണ് ഇതൊക്കെ നടക്കുന്നത്. ഇപ്പൊ ഏറ്റവും പുതിയ കേരളാ പോലീസ് കലാപരിപാടി യാണ് കസ്റ്റഡി മരണം. പോലീസിൽ തന്നെ ഒരു മാർക്കറ്റിംഗ് വിഭാഗം ഉണ്ടാകണം. കസ്റ്റഡി മരണങ്ങൾക്ക് ടാർഗറ്റ് വച്ചിട്ടുള്ളതുപോലാ മരണ വാർത്ത ദിനംപ്രതി പുറത്തു വരുന്നത്. വാരാപുഴയിലും ഒന്നു സംഭവിച്ചല്ലോ. പണ്ടൊക്കെ പോലീസിനെ മാത്രം സഹിച്ചാൽ മതിയായിരുന്നു. എന്നാലിപ്പോ അവരുടെ മകളെയും മകനെയും പേടിക്കേണ്ട അവസ്ഥയാണ്. മൊബൈൽ ടാബ്ലെറ്റ് കൊണ്ട് ഒരാളെയൊക്കെ അടിച്ചു വീഴ്ത്താം എന്ന ഒരു പ്രമുഖന്റെ മകൾ ഈയിടെ കേരളീയർക്ക് കാട്ടിക്കൊടുത്തു മാതൃകയായി. നേരത്തെ വിശേഷിപ്പിച്ച സാക്ഷര കേരളത്തിലെ ഒരിനം ജീവി. എല്ലാത്തിനും മികച്ച ജീവിത സൗകര്യങ്ങളും സാക്ഷരതയിലും ഒന്നാമതുള്ള കേരളത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു.
ഞാൻ ഈ ലക്കത്തിൽ ആദ്യം സൂചിപ്പിച്ച മൂന്നു കാര്യങ്ങൾ ഒന്നുകൂടെ ഓർമിപ്പിച്ചു കൊണ്ട് ചോദിച്ചോട്ടെ. എന്തടിസ്ഥാനത്തിലാണ് നാം ഇതൊക്കെ അവകാശപ്പെടുന്നത്. എന്തു യോഗ്യതയാണ് നമുക്കുള്ളത് ഇതൊക്കെ അവകാശപ്പെടാൻ. കേരളത്തെ പറ്റി കേരളീയർ തന്നെ അഭിമാനത്തോടെ വിളമ്പുന്ന ചില മിഥ്യ ധാരണകളാണിവ. ആരോ മനഃപൂർവം കേരള ജനതയെ പറഞ്ഞു പറ്റിക്കുന്നതുപോലുണ്ട്, അല്ലെങ്കിൽ ഇതൊന്നും നേരിട്ടറിയാത്ത ആരോ ഒരാൾ പറഞ്ഞു പരത്തുന്നതുമാവാണം ഇതൊക്ക…….
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ആർക്കെങ്കിലും ഒക്കെ വേദനിച്ചിട്ടുണ്ടെകിൽ ഒരു തല തിരിഞ്ഞ വ്യക്തിയുടെ ജല്പനങ്ങളായി കണ്ട് സദയം ക്ഷമിക്കുമാറാകണം എന്നു വിനീതമായി അപേക്ഷിക്കുന്നു. ഞാനിവിടെ പറഞ്ഞ കാര്യങ്ങൾ കൊണ്ട് കേരളീയർ ഒരിക്കലും മാറരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്നു. ഇന്നത്തെ സമൂഹത്തിലെ രാഷ്ട്രബോധമുള്ള ഒരു വ്യക്തി എന്ന നിലയിൽ ഞാൻ അത്രയെങ്കിലും ചെയ്യണ്ട. എന്റെ പ്രാർത്ഥന മറിച്ചാണേൽ ഞാൻ മറ്റുള്ളവരുടെ മുന്നിൽ ഒരു തലത്തിരിഞ്ഞവനാകും. എന്നാലും സത്യം സത്യമല്ലാണ്ടാകില്ലല്ലോ………..
തുടരും‌

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s